ഗൊരഖ്പുർ: രാമജന്മഭൂമി ക്ഷേത്ര നിർമ്മാണത്തെ എതിർത്ത് കോടതിയെ സമീപിച്ചവരാണ് ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്വാദി പാർട്ടിയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഗൊരഖ്പുർ നഗരത്തിൽ 995 കോടി രൂപയുടെ 14 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമജന്മഭൂമി ക്ഷേത്ര നിർമ്മാണത്തിന് തടസ്സം സൃഷ്ടിച്ചവരും രാമഭക്തർക്ക് നേരെ വെടിയുതിർത്തവരും, സുപ്രീം കോടതിയിൽ നിർമ്മാണത്തെ എതിർക്കാൻ അഭിഭാഷകരെ നിയോഗിച്ചവരുമാണ് ഇപ്പോൾ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് യോഗി പറഞ്ഞു. 2017-ന് മുൻപ് ഉത്തർപ്രദേശിൽ കലാപങ്ങൾ പതിവായിരുന്നുവെന്നും ഹോളി, വിജയദശമി, ദുർഗ്ഗാ പൂജ, രാമനവമി തുടങ്ങിയ ആഘോഷങ്ങൾ പോലും സംഘർഷഭരിതമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഒരു കാലത്ത് ഗുണ്ടകളുടെയും പകർച്ചവ്യാധികളുടെയും പേരിൽ ആളുകൾ ഭയപ്പെട്ടിരുന്ന ഗൊരഖ്പുർ ഇന്ന് നിക്ഷേപകർക്ക് പ്രിയപ്പെട്ട ഇടമായി മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുൻ സർക്കാരുകളുടെ ഭരണരീതികളെ രൂക്ഷമായി വിമർശിച്ച യോഗി, സംസ്ഥാനത്തെ 29 പഞ്ചസാര മില്ലുകൾ അടച്ചുപൂട്ടിയതും അവയിൽ പലതും തുച്ഛമായ വിലയ്ക്ക് വിറ്റഴിച്ചതും ചൂണ്ടിക്കാട്ടി. നിലവിൽ പോലീസ്, അധ്യാപക നിയമനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ നിയമനങ്ങളും ഇടപെടലുകളില്ലാതെ സുതാര്യമായാണ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരുകാലത്ത് നിയമനങ്ങളെ നിയന്ത്രിച്ചിരുന്ന ‘കോൺസ്റ്റബിൾ സിൻഡിക്കേറ്റ്’ പോലുള്ള സംവിധാനങ്ങൾ ഇപ്പോൾ ഇല്ലാതായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

