ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളും രണ്ടുതവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ ഇതിഹാസവുമായ കെവിൻ കീഗൻ (75) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങളാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ലിവർപൂൾ, ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെയും അവിഭാജ്യ ഘടകമായിരുന്ന കീഗൻ, കളിക്കാരനായും പരിശീലകനായും ഫുട്ബോൾ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. അറ്റാക്കിങ് മിഡ്ഫീൽഡറായും ഫോർവേഡായും തിളങ്ങിയ അദ്ദേഹം, ഇംഗ്ലണ്ടിനായി 63 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ് 21 ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ 31 മത്സരങ്ങളിൽ ദേശീയ ടീമിനെ നയിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ക്ലബ് കരിയറിൽ സ്കന്തോർപ്പ് യുണൈറ്റഡ്, ലിവർപൂൾ, ഹാംബർഗ് എസ്.വി., സതാംപ്ടൺ, ന്യൂകാസിൽ യുണൈറ്റഡ്, ബ്ലാക്ക്ടൗൺ സിറ്റി എന്നീ ടീമുകൾക്കായി 744 മത്സരങ്ങളിൽ നിന്ന് 254 ഗോളുകൾ അദ്ദേഹം സ്വന്തമാക്കി. ലിവർപൂളിനായി 323 മത്സരങ്ങളിൽ 100 ഗോളുകൾ നേടിയ കീഗൻ, ക്ലബ്ബിനൊപ്പം മൂന്ന് ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ കിരീടങ്ങളും എഫ്.എ. കപ്പ്, യൂറോപ്യൻ കപ്പ്, യുവേഫ കപ്പ് വിജയങ്ങളും നേടിയിട്ടുണ്ട്. ശേഷം ഹാംബർഗിനൊപ്പം ബുണ്ടസ് ലീഗ കിരീടത്തിലും മുത്തമിട്ടു. വേഗതയും മികവുറ്റ ഡ്രിബ്ലിങ്ങും കൃത്യമായ ഫിനിഷിംഗും കൈമുതലായുണ്ടായിരുന്ന താരം, പരിശീലകനെന്ന നിലയിലും ന്യൂകാസിൽ യുണൈറ്റഡ്, ഫുൾഹാം, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളെ പരിശീലിപ്പിച്ചു. ഇംഗ്ലീഷ് ഫുട്ബോളിന്റെ സുവർണ്ണകാലത്തെ അടയാളപ്പെടുത്തിയ താരത്തിന്റെ വിയോഗത്തിൽ ഫുട്ബോൾ ലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.

