തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി റിക്രൂട്ട്മെന്റ് നടപടികളിലെ ക്രമക്കേടുകളും ആരോപണങ്ങളും അന്വേഷിക്കുന്നതിനായി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട മൂല്യനിര്‍ണയത്തില്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയതാണ് പി.എസ്.സിയുടെ റിക്രൂട്ട്മെന്റ് നടപടികളെ വീണ്ടും വിവാദത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ നടന്ന വിവിധ പി.എസ്.സി പരീക്ഷകളിലും അഭിമുഖങ്ങളിലും ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഒ ജെ ജനീഷ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭ അനുമതി നല്‍കിയത്. പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമാകുന്നതിനിടെയുള്ള ഈ സര്‍ക്കാര്‍ നീക്കം ഉദ്യോഗാര്‍ത്ഥികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.
അതേസമയം, അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ 2023-ലെ മുഴുവന്‍ ഉത്തരക്കടലാസുകളും നശിപ്പിക്കാന്‍ പി.എസ്.സി നേരത്തെ കൈക്കൊണ്ട തീരുമാനം പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഉപയോഗശൂന്യമായ ഉത്തരക്കടലാസുകള്‍ നശിപ്പിക്കുന്നത് പതിവ് നടപടിയാണെന്നാണ് പി.എസ്.സിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി 2023-ലെ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പരിശോധിക്കേണ്ട സാഹചര്യം വന്നാല്‍ അതിനുള്ള അവസരം നഷ്ടപ്പെടുമെന്നാണ് വിമര്‍ശകരുടെ ആരോപണം. അന്വേഷണം ഉണ്ടാകുമെന്ന് സൂചന ലഭിച്ചതോടെ തെളിവുകള്‍ ഇല്ലാതാക്കാനാണ് നടപടിയെടുത്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ വരും ദിവസങ്ങളിൽ ഏറെ നിര്‍ണായകമാകും.

