തിരുവനന്തപുരം: ട്രോളിങ് നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങൾ പിടിച്ചെടുക്കുമെന്ന് ഫിഷറീസ് വകുപ്പിന്റെ കർശന മുന്നറിയിപ്പ്. കടൽ സുരക്ഷയും മത്സ്യസമ്പത്തിന്റെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി നിരോധനകാലയളവിൽ തീരദേശ മേഖലകളിൽ പട്രോളിങ്ങും പരിശോധനകളും കൂടുതൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരോധനം ലംഘിച്ച് പ്രവർത്തിച്ച പത്ത് മത്സ്യബന്ധനയാനങ്ങൾ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് പിഴയിനത്തിലും മത്സ്യലേലത്തിലുമായി ആകെ 1,98,150 രൂപ ഈടാക്കി. നിയമവിരുദ്ധമായി കടലിലിറങ്ങുന്ന യാനങ്ങൾക്കെതിരെ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് വകുപ്പ് വ്യക്തമാക്കി.
ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനും സമുദ്ര മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുമായി കർശനമായ നിരീക്ഷണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നിരോധനകാലത്ത് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സമീപത്തെ തീരദേശ ഫിഷറീസ് സ്റ്റേഷനിലോ ഫിഷറീസ് വകുപ്പിന്റെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

