കാരയ്‌ക്കൽ: ബംഗാൾ ഉൾക്കടലിൽ നിന്ന് ഏകദേശം 700 വർഷം പഴക്കമുള്ള പുരാതന ശിലാവിഗ്രഹം മത്സ്യത്തൊഴിലാളികൾ കണ്ടെത്തി. പുതുച്ചേരിയിലെ കാരയ്‌ക്കലിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ മഹാബലിപുരം തീരത്ത് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കവെയാണ് വലയിൽ കുടുങ്ങിയ നിലയിൽ വിഗ്രഹം ലഭിച്ചത്.
ജൂലൈ 10-ന് മത്സ്യബന്ധനത്തിനിടെ വലയിൽ അസാധാരണമായ ഭാരം അനുഭവപ്പെട്ടതോടെ വലിയ മത്സ്യമാണെന്ന് ആദ്യം കരുതിയെങ്കിലും, വല കരയിലേക്ക് വലിച്ചുകയറ്റിയപ്പോഴാണ് കടൽച്ചെടികളും കക്കകളും മറ്റ് അവശിഷ്ടങ്ങളും പൊതിഞ്ഞ നിലയിൽ ശിലാവിഗ്രഹം കണ്ടെത്തിയത്. വിഗ്രഹത്തിന്റെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞ മത്സ്യത്തൊഴിലാളികൾ, അതിൽ മാറ്റങ്ങൾ വരുത്താനോ വൃത്തിയാക്കാനോ ശ്രമിക്കാതെ കാരയ്‌ക്കലിൽ തിരിച്ചെത്തിയ ഉടൻ തന്നെ ഡെപ്യൂട്ടി കളക്ടർക്ക് കൈമാറുകയായിരുന്നു.
വിഗ്രഹത്തിന്റെ കാലപ്പഴക്കവും ഉത്ഭവവും സംബന്ധിച്ച് പുരാവസ്തു വിദഗ്ധരുടെ സഹായത്തോടെ വിശദമായ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. ഇതോടൊപ്പം, ശ്രീലങ്ക കേന്ദ്രീകരിച്ചുള്ള വിഗ്രഹക്കടത്ത് ശൃംഖലയുമായി ഈ കണ്ടെത്തലിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

