മുംബൈ: പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ക്രൂഡ് ഓയിൽ വിലയിലെ വർധനവും കാരണം ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാഴാഴ്ച ചാഞ്ചാട്ടത്തോടെയുള്ള തുടക്കം. വ്യാപാരത്തിന്റെ തുടക്കത്തിൽ കനത്ത നഷ്ടം രേഖപ്പെടുത്തിയെങ്കിലും, താഴ്ന്ന നിലവാരങ്ങളിൽനിന്നുണ്ടായ ശക്തമായ വാങ്ങലുകൾ വിപണിയെ വലിയ തകർച്ചയിൽനിന്ന് കരകയറ്റി. രാവിലെ 10:15-ഓടെ സെൻസെക്സ് ദിവസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽനിന്ന് 250 പോയിന്റിലധികം തിരികെക്കയറി 76,636.44 നിലവാരത്തിലെത്തി. എൻ.എസ്.ഇ നിഫ്റ്റി 29.60 പോയിന്റ് (0.12%) ഇടിവോടെ 23,966.65 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.
ഏഷ്യൻ വിപണികളിൽനിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യൻ വിപണിക്ക് താങ്ങായത്. ദക്ഷിണ കൊറിയൻ സൂചികയായ കോസ്പി 3.15 ശതമാനവും, ജപ്പാൻ നിക്കേയ് 225, ഹോങ്കോംഗ് ഹാങ് സെങ് എന്നിവയും നേട്ടത്തിലാണ്. ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ മുന്നേറ്റവും വിപണിക്ക് ഗുണകരമായി. സാങ്കേതികമായി നിഫ്റ്റി 50 സൂചിക നിലവിൽ 23,950-23,900 എന്ന നിർണായക സപ്പോർട്ട് മേഖലയിലാണ്. 24,000 പോയിന്റിന് മുകളിൽ സ്ഥിരത കൈവരിച്ചാൽ മാത്രമേ വിപണിയിൽ ബുള്ളിഷ് ട്രെൻഡ് തിരിച്ചെത്തുകയുള്ളൂ. മറിച്ചാണെങ്കിൽ 23,830 വരെ താഴാൻ സാധ്യതയുണ്ട്.
വിപണിയിലെ വിവിധ സെക്ടറുകളിൽ സമ്മിശ്ര പ്രതികരണമാണ് ദൃശ്യമാകുന്നത്. ഓട്ടോ, മെറ്റൽ, മീഡിയ ഓഹരികൾ നേട്ടത്തിൽ വ്യാപാരം നടത്തുമ്പോൾ, റിയൽറ്റി സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ഐ.ടി, ഫാർമ, ബാങ്കിങ് മേഖലകളും സമ്മർദ്ദത്തിലാണ്. ശ്രീറാം ഫിനാൻസ്, ഹിൻഡാൽകോ, ട്രെന്റ് എന്നിവയാണ് നിഫ്റ്റിയിൽ മുന്നിട്ടുനിൽക്കുന്നത്. അതേസമയം, നിക്ഷേപകരുടെ ആശങ്ക കുറഞ്ഞതിന്റെ സൂചനയായി വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് (India VIX) 13.14 എന്ന നിലവാരത്തിലേക്ക് താഴ്ന്നു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വിപണിയെ ബാധിക്കുന്നുണ്ടെങ്കിലും, നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വാങ്ങലുകൾ വലിയ തകർച്ചയെ പ്രതിരോധിക്കുന്നുണ്ട്.

