ന്യൂഡൽഹി: ഇന്ത്യയുടെ 98-ാമത് ചെസ് ഗ്രാൻഡ്മാസ്റ്റർ എന്ന ചരിത്രനേട്ടം സ്വന്തമാക്കി തമിഴ്നാട് കന്യാകുമാരി സ്വദേശിയായ 17-കാരൻ അശ്വത് എസ്. പുനെയിൽ നടന്ന ഇന്റർനാഷണൽ ഗ്രാൻഡ്മാസ്റ്റർ റൗണ്ട് റോബിൻ ടൂർണമെന്റിൽ അശ്വത് തന്റെ മൂന്നാമത്തെയും അവസാനത്തെയും ഗ്രാൻഡ്മാസ്റ്റർ നോം പൂർത്തിയാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.
ടൂർണമെന്റിലെ നിർണായകമായ അവസാന റൗണ്ടിൽ കറുത്ത കരുക്കളുമായി കളത്തിലിറങ്ങിയ അശ്വത്, അമേരിക്കയുടെ കണ്ണൻ വൈദ്യനാഥനെ തോൽപ്പിച്ചാണ് ഗ്രാൻഡ്മാസ്റ്റർ പദവി ഉറപ്പിച്ചത്. ഒമ്പത് റൗണ്ടുകളിൽ നിന്ന് ആറ് ജയവും രണ്ട് സമനിലയും ഒരു തോൽവിയും സഹിതം ഏഴ് പോയിന്റ് നേടിയ താരം, ടൂർണമെന്റിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി. പൂനെ ടൂർണമെന്റിന്റെ തുടക്കത്തിൽ ഗ്രാൻഡ്മാസ്റ്റർ അഭിജീത് ഗുപ്തയോട് പരാജയപ്പെട്ടെങ്കിലും, മികച്ച തിരിച്ചുവരവിലൂടെയാണ് അശ്വത് ഈ നേട്ടത്തിലേക്ക് എത്തിയത്.
കഴിഞ്ഞ വർഷം നടന്ന ഗ്രെങ്കെ ഓപ്പണിൽ ആദ്യ ഗ്രാൻഡ്മാസ്റ്റർ നോം നേടിയ അശ്വത്, ഡിസംബറിൽ ബുഡാപെസ്റ്റിൽ നടന്ന ഫസ്റ്റ് സാറ്റേർഡ് ജിഎം റൗണ്ട് റോബിൻ ടൂർണമെന്റിൽ രണ്ടാം നോം നേടുകയും 2500 റേറ്റിംഗ് പിന്നിടുകയും ചെയ്തിരുന്നു. അശ്വത്തിന്റെ ഈ നേട്ടത്തോടെ ലോക ചെസ് രംഗത്ത് ഇന്ത്യയുടെ കുതിപ്പ് കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ഇന്ത്യയുടെ നൂറാമത് ഗ്രാൻഡ്മാസ്റ്റർ എന്ന ചരിത്രനേട്ടത്തിലേക്ക് രാജ്യം ഇനി വെറും രണ്ട് ചുവടുകൾ മാത്രം അകലെയാണ്.

