ന്യൂഡൽഹി: രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറുന്നവരെ സഹായിക്കുന്ന സംഘങ്ങളെ കണ്ടെത്തി തകർക്കുന്നതിനായി ദേശീയതലത്തിൽ ഏകോപിത നടപടികൾ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശം നൽകി. ഇതിന്റെ ഭാഗമായി ജൂലൈ 9-ന് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുടെ (ഡിജിപി) പ്രത്യേക യോഗം കേന്ദ്ര സർക്കാർ വിളിച്ചുചേർത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നുഴഞ്ഞുകയറ്റക്കാർക്ക് ആധാർ ഉൾപ്പെടെയുള്ള വ്യാജ തിരിച്ചറിയൽ രേഖകൾ തയ്യാറാക്കി നൽകുന്ന ശൃംഖലകളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനായി പ്രത്യേക സംവിധാനം രൂപീകരിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഇതിനായി ഇന്റലിജൻസ് ബ്യൂറോ (ഐബി), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) തുടങ്ങിയ കേന്ദ്ര ഏജൻസികൾ അതത് സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ചാകും പ്രവർത്തിക്കുക.
ഇതോടൊപ്പം ഇന്ത്യയിൽ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ പൂർണ്ണ വിവരങ്ങൾ ശേഖരിക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കേരളം, തമിഴ്നാട്, കർണാടക, അസം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ വിവരങ്ങൾ ദേശീയ സുരക്ഷാ ഏജൻസികൾക്ക് കൈമാറാൻ ഡിജിപിമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന യോഗത്തിൽ മയക്കുമരുന്ന് കടത്ത്, നക്സൽ ഭീഷണി, മതപരിവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ആഭ്യന്തര സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയും വിശദമായി ചർച്ച ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

