ലൊസാഞ്ചലസ്: 2026 ഫിഫ ലോകകപ്പിൽ സെമിഫൈനലിലേക്ക് മുന്നേറിയ സ്പെയിൻ ചരിത്രനേട്ടത്തിന്റെ തൊട്ടരികിൽ. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ 2-1 എന്ന സ്കോറിന് കീഴടക്കിയതോടെ, തുടർച്ചയായ 36 അന്താരാഷ്ട്ര മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള തങ്ങളുടെ കുതിപ്പ് നിലനിർത്താൻ സ്പെയിനിനായി. ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അപരാജിത റെക്കോർഡുകളിലൊന്നിനൊപ്പമെത്താൻ ലൂയിസ് ഡി ലാ ഫുവെന്റെയുടെ സംഘത്തിന് ഇതോടെ സാധിച്ചു.
2019 മുതൽ 2022 വരെ ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന കുറിച്ച 36 മത്സരങ്ങളുടെ അപരാജിത റെക്കോർഡിനൊപ്പമാണ് ഇപ്പോൾ സ്പെയിൻ എത്തിനിൽക്കുന്നത്. ഇനി ഇറ്റലിയുടെ പേരിലുള്ള 37 മത്സരങ്ങളുടെ ലോക റെക്കോർഡ് മാത്രമാണ് സ്പെയിനിന് മുന്നിലുള്ളത്. സെമിഫൈനലിൽ ഫ്രാൻസിനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ ഇറ്റലിയുടെ ചരിത്രനേട്ടത്തിനൊപ്പമെത്താൻ സ്പെയിനിന് സാധിക്കും. ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ 30-ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെ സ്പെയിൻ മുന്നിലെത്തിയെങ്കിലും, ചാൾസ് ഡി കെറ്റലാറെയുടെ ഹെഡറിലൂടെ ബെൽജിയം ഒപ്പമെത്തി. ഈ ഗോളോടെ ടൂർണമെന്റിലുടനീളം ഗോൾ വഴങ്ങാതെ മുന്നേറിയിരുന്ന സ്പെയിനിന്റെ പ്രതിരോധനിരയ്ക്കും ഗോൾകീപ്പർ ഉനായ് സിമോണിന്റെ ക്ലീൻ ഷീറ്റ് പരമ്പരയ്ക്കും വിരാമമായി.
രണ്ടാം പകുതിയിൽ ഇരു ടീമുകളും വിജയഗോളിനായി കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ, 86-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മികേൽ മെറിനോ രണ്ട് മിനിറ്റിനുള്ളിൽ വിജയഗോൾ നേടി സ്പെയിനിനെ സെമിയിലേക്ക് നയിച്ചു. പ്രീക്വാർട്ടറിൽ പോർച്ചുഗലിനെതിരെയും നിർണ്ണായക ഗോൾ നേടിയ മെറിനോ തുടർച്ചയായ രണ്ട് നോക്കൗട്ട് മത്സരങ്ങളിലും ടീമിന്റെ രക്ഷകനായി മാറി. ലോകകപ്പ് കിരീടത്തിലേക്ക് കുതിക്കുന്ന സ്പെയിനിന്റെ അടുത്ത വെല്ലുവിളി മുൻ ലോകചാമ്പ്യൻമാരായ ഫ്രാൻസാണ്. ടെക്സാസിലെ ആർലിങ്ടണിൽ നടക്കുന്ന സെമിഫൈനൽ പോരാട്ടം ഫുട്ബോൾ ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

