ന്യൂഡൽഹി: ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി അത്യാധുനിക സ്ട്രാറ്റോസ്ഫെറിക് എയര്‍ഷിപ്പുകള്‍ തദ്ദേശീയമായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടു. 15,000 കോടി രൂപ ചെലവഴിച്ചുള്ള ഈ പദ്ധതി ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. എയര്‍ഷിപ്പ് അധിഷ്ഠിത ഹൈ ആള്‍ട്ടിറ്റിയൂഡ് സ്യൂഡോ സാറ്റലൈറ്റ് എന്ന പേരിലുള്ള ഈ സംരംഭം ‘മെയ്ക്ക്-ഇന്‍-ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഗവേഷണ-വികസന ചെലവുകളുടെ 70 ശതമാനം വരെ കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.
ഭൂമിയില്‍ നിന്ന് 20 കിലോമീറ്ററിന് മുകളിലായി, ഡ്രോണുകള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും ഇടയിലുള്ള മേഖലയിലാകും ഈ ഹൈ-ടെക് പ്ലാറ്റ്ഫോമുകള് വിന്യസിക്കുക. മാസങ്ങളോളം ആകാശത്ത് തങ്ങിനില്ക്കാന് ശേഷിയുള്ള ഇവ ഒപ്റ്റിക്കല്‍ നിരീക്ഷണവും ഇലക്ട്രോണിക് ഇന്റലിജന്‍സ് ശേഖരണവും തടസ്സമില്ലാതെ നിര്‍വഹിക്കും. അത്യാധുനിക റഡാറുകളും സെന്‍സറുകളും വഹിക്കാന്‍ ശേഷിയുള്ള ഈ സംവിധാനം, ഗ്രൗണ്ട് നെറ്റ്വര്ക്കുകളില് നിന്ന് ഉപഗ്രഹങ്ങളിലേക്ക് ഡാറ്റ കൈമാറുന്ന ഒരു റിലേ പ്ലാറ്റ്ഫോമായും പ്രവര്‍ത്തിക്കും. ഇതിനാവശ്യമായ സെന്‍സറുകള്‍ പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
ഫെബ്രുവരിയില്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. തങ്ങളുടെ സാങ്കേതികവും സാമ്പത്തികവുമായ മികവ് തെളിയിക്കുന്ന രണ്ട് മുന്‍നിര എയ്റോസ്പേസ് കമ്പനികളെ ഇതിനായി തിരഞ്ഞെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനകം തന്നെ ഡിആര്‍ഡിഒ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ മധ്യപ്രദേശിന് മുകളില്‍ 17 കിലോമീറ്റര്‍ ഉയരത്തില്‍ എയര്‍ഷിപ്പിന്റെ ഫ്ലൈറ്റ് ട്രയലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള ഈ പദ്ധതികള്‍ വ്യോമസേനയുടെ പ്രവര്‍ത്തനശേഷിയില്‍ വലിയൊരു കുതിച്ചുചാട്ടമായിരിക്കും സമ്മാനിക്കുക.

