ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും അതിവേഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി ഡൽഹി ഹൈക്കോടതി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചു. പരീക്ഷാ തട്ടിപ്പുകാർക്കെതിരെ കർശന നടപടികളും അതിവേഗ വിചാരണയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിയമനടപടികൾ വേഗത്തിലാക്കി ഹൈക്കോടതിയുടെ സുപ്രധാന തീരുമാനമുണ്ടായിരിക്കുന്നത്.
2024-ലെ പൊതുപരീക്ഷാ ക്രമക്കേട് തടയൽ നിയമം (Public Examinations – Prevention of Unfair Means Act) പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളും അതുമായി ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളും ഇനി മുതൽ ഈ പ്രത്യേക കോടതിയാണ് പരിഗണിക്കുക. നിലവിൽ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകൾ പുതുതായി രൂപീകരിച്ച ഈ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റുമെന്ന് ഹൈക്കോടതി അധികൃതർ വ്യക്തമാക്കി.
ഡൽഹിയിലെ റൗസ് അവന്യൂ കോടതി സമുച്ചയത്തിലാണ് ഈ പ്രത്യേക കോടതിയുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ജുഡീഷ്യൽ ഓഫീസർ അനു ഗ്രോവർ ബാലിഗയെ അഴിമതി നിരോധന നിയമ പ്രകാരമുള്ള പ്രത്യേക സി.ബി.ഐ. ജഡ്ജിയായി നിയമിച്ചുകൊണ്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഉത്തരവിറക്കി. പൊതുപരീക്ഷകളിൽ കൃത്രിമം കാണിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികളാണ് നിലവിലെ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

