കൊച്ചി: ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിൽ ഐടി മേഖലയിലുണ്ടായ ഇടിവ് വിപണിയുടെ വലിയ കുതിപ്പിന് തടസ്സമായെങ്കിലും, എണ്ണ-വാതകം, ബാങ്കിംഗ് തുടങ്ങിയ പ്രധാന മേഖലകളിലെ മുന്നേറ്റം സൂചികകളെ പോസിറ്റീവ് സോണിൽ നിലനിർത്താൻ സഹായിക്കുന്നുണ്ട്. മുൻനിര ഓഹരികൾക്ക് പുറമെ മിഡ്-ക്യാപ്, സ്മോൾ-ക്യാപ് സൂചികകളും ഗ്രീൻ സോണിൽ തുടരുന്നത് വിപണിയിൽ പരക്കെയുള്ള നിക്ഷേപക താല്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
എണ്ണ-വാതകം, പൊതുമേഖലാ ബാങ്കുകൾ (PSU Banks), കൺസ്യൂമർ ഡ്യൂറബിൾസ്, ഫിനാൻഷ്യൽസ്, സിമന്റ് തുടങ്ങിയ മേഖലകൾ മികച്ച പ്രകടനവുമായി മുന്നിലാണ്. ബാങ്കിംഗ്, എനർജി കൗണ്ടറുകളിൽ തുടർച്ചയായുണ്ടാകുന്ന ബയിംഗ് താല്പര്യം പൊതുവിപണിക്ക് (Broader Market) ശക്തമായ അടിത്തറ നൽകുന്നുണ്ട്. അതേസമയം, അമേരിക്കൻ ഐടി ഭീമനായ ഐബിഎം വരുമാന വളർച്ചാ ലക്ഷ്യത്തിൽ വരുത്തിയ കുറവിനെത്തുടർന്നുണ്ടായ ആഗോള പ്രത്യാഘാതം ഇന്ത്യൻ ഐടി ഓഹരികളെ സ്വാധീനിച്ചിട്ടുണ്ട്. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്‌സിഎൽ ടെക് തുടങ്ങിയ മുൻനിര ഐടി ഓഹരികൾ വിൽപന സമ്മർദ്ദത്തിലായപ്പോൾ മെറ്റൽസ്, എഫ്എംസിജി, റിയൽറ്റി മേഖലകളിലെ ഓഹരികളും ഇടിവ് നേരിട്ടു.
ഈ വിപണി സാഹചര്യങ്ങൾക്കിടയിലും എൽ ആൻഡ് ടി ടെക്നോളജി സർവീസസ് (LTTS) ഓഹരികൾ തകർപ്പൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കമ്പനി പുറത്തുവിട്ട പാദവാർഷിക പ്രവർത്തനഫലം പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു. ശക്തമായ മാർജിൻ വികാസവും ബിസിനസിലെ ആരോഗ്യകരമായ വളർച്ചയും കാരണം ഇൻട്രാ-ഡേ വ്യാപാരത്തിൽ ഓഹരികൾ ഒമ്പത് ശതമാനത്തിലധികം ഉയർന്നു. ആഗോള ബ്രോക്കറേജ് സ്ഥാപനമായ നോമുറ ഈ ഓഹരിക്ക് തങ്ങളുടെ ‘ന്യൂട്രൽ’ റേറ്റിംഗ് നിലനിർത്തിയെങ്കിലും, ടാർഗെറ്റ് പ്രൈസ് നേരിയ തോതിൽ ഉയർത്തിയത് നിക്ഷേപകർക്കിടയിൽ ഓഹരിയോടുള്ള ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

