ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2027-ൽ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയുടെ നിർമ്മാണം ഇതിനകം 80 ശതമാനത്തിലധികം പൂർത്തിയായതായും, ആദ്യഘട്ട സർവീസ് 2027-ൽ സുരത്ത്-ബിലിമോറ സെക്ഷനിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ സാനന്ദിൽ നടന്ന സിജി സെമി പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
പദ്ധതിയുടെ ആദ്യഘട്ടത്തിന് ശേഷം വാപി-സുരത്ത്, വാപി-അഹമ്മദാബാദ്, അഹമ്മദാബാദ്-താനെ, തുടർന്ന് അഹമ്മദാബാദ്-മുംബൈ എന്നീ സെക്ഷനുകൾ ഘട്ടംഘട്ടമായി പ്രവർത്തനസജ്ജമാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. ജാപ്പനീസ് ഷിങ്കൻസെൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ പാത, 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കോറിഡോറിൽ 12 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നു. നിലവിൽ ആറിലധികം മണിക്കൂർ വേണ്ടിവരുന്ന യാത്ര, ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഒരു മണിക്കൂർ 58 മിനിറ്റായി ചുരുങ്ങുമെന്നതാണ് പ്രധാന പ്രത്യേകത.
മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്നതിനാണ് ബുള്ളറ്റ് ട്രെയിനുകൾ സജ്ജമാക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ജെ-സ്ലാബ് ബലാസ്റ്റ്ലെസ് ട്രാക്ക് (J-Slab ballastless track) സാങ്കേതികവിദ്യ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നുണ്ട്. മുംബൈ-അഹമ്മദാബാദ് പദ്ധതിക്ക് പിന്നാലെ രാജ്യത്തുടനീളം ഏകദേശം 4,000 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴ് പുതിയ ബുള്ളറ്റ് ട്രെയിൻ കോറിഡോറുകൾ കൂടി വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. 16 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതികൾ, ഇന്ത്യയുടെ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

