ദിസ്പുർ: അസമിൽ പ്രളയ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. കനത്ത മഴയിലും തുടന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഇതുവരെ 40 പേർ മരിക്കുകയും 80 ഓളം പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന സർക്കാർ അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
സംസ്ഥാനത്തെ 16-ലധികം ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം നേരിട്ട് ബാധിച്ചിരിക്കുന്നത്. നാഗാലാൻഡിലെ മോൺ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് നദികളിലേക്ക് ഒഴുകിയെത്തിയ വൻ ജലപ്രവാഹം ശിവസാഗർ, ചരായ്ഡിയോ, ജോർഹട്ട്, ഗോലാഘട്ട് തുടങ്ങിയ കിഴക്കൻ അസം ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ വിതച്ചു. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് മന്ത്രി പീജുഷ് ഹസാരിക നിയമസഭയെ അറിയിച്ചു. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള പ്രധാന നദികൾ അപകടനിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്.
ആയിരക്കണക്കിന് വീടുകളും കൃഷിഭൂമികളും വെള്ളത്തിനടിയിലായതോടെ നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി. റോഡുകളും പാലങ്ങളും തകർന്നതിനാൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. സൈന്യം, വ്യോമസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹിമന്ത ബിശ്വ ശർമ്മയുമായി ടെലിഫോണിൽ സംസാരിച്ചു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭരണകൂടവും ദുരന്തനിവാരണ സേനയും അതീവ ജാഗ്രതയിലാണ്.

