ശ്രീനഗർ: ജമ്മു-കശ്മീരിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. പൂഞ്ച് ജില്ലയിലെ ലോറൻ ദുമിലാൻ ഗ്രാമത്തിൽ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരുകുടുംബത്തിലെ ഏഴുപേർ മരിച്ചതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 27 ആയി ഉയർന്നു. പോലീസ്, സിവിൽ ഭരണകൂടം, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്ന് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്.
പൂഞ്ച്, രജൗരി ജില്ലകളിലാണ് മഴ ഏറ്റവും കൂടുതൽ ദുരിതം വിതച്ചത്. രജൗരിയിൽ സുരൻ നദിയിലെ വെള്ളപ്പൊക്കത്തിൽ വീട് ഒലിച്ചുപോയി ഒരു കുടുംബത്തിലെ ആറുപേർ നേരത്തെ മരിച്ചിരുന്നു. ഇതിനു പുറമെ, ജമ്മു-കിഷ്ത്വാർ ദേശീയപാതയിൽ യാത്രാബസിന് മുകളിലേക്ക് പാറ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദോഡ ജില്ലയിൽ വീടിനു മുകളിൽ പാറ ഇടിഞ്ഞുവീണ് മറ്റൊരു സ്ത്രീയും മരണപ്പെട്ടു. രജൗരിയിലെ ദർഹാലി നദിയിലെ പ്രളയത്തിൽ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മുപ്പതോളം വാഹനങ്ങൾ ഒലിച്ചുപോയതും, ബുദ്ഗാം ജില്ലയിൽ കടകൾ തകർന്നതും കനത്ത നാശനഷ്ടങ്ങൾക്കിടയാക്കി. നിരവധി വീടുകൾ, പാലങ്ങൾ, റോഡുകൾ എന്നിവ തകരുകയും വൈദ്യുതി-ടെലികോം സംവിധാനങ്ങൾ താറുമാറാവുകയും ചെയ്തിട്ടുണ്ട്.
ജൂലൈ 25 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കും മേഘവിസ്ഫോടനത്തിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അമർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഡൽഹി സന്ദർശനം പാതിവഴിയിൽ അവസാനിപ്പിച്ച് ജമ്മുവിലേക്ക് മടങ്ങി. കാർഗിൽ, ഗുരെസ് മേഖലകളിലും കൃഷിയിടങ്ങൾക്കും വീടുകൾക്കും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

