ബെര്‍ലിന്‍: ഇന്ത്യന്‍ അത്ലറ്റിക്സില് സ്പ്രിന്റ് ഇനത്തിലെ പുതിയ പ്രതീക്ഷയായി വളരുന്ന അനിമേഷ് കുജൂര്‍ വീണ്ടും ചരിത്രം കുറിച്ചു. ജര്‍മനിയിലെ വെറ്റ്സ്ലാറില്‍ നടന്ന ‘പ്യൂമ ഫാസ്റ്റ് ആംസ് ഫാസ്റ്റ് ലെഗ്സ് 2026’ മീറ്റിലെ പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനലില്‍ 10.14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനം നേടിയ താരം, ഒരു ഇന്ത്യന്‍ സ്പ്രിന്റര്‍ വിദേശ മണ്ണില്‍ കുറിക്കുന്ന ഏറ്റവും വേഗമേറിയ 100 മീറ്റര്‍ സമയമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.
അനിമേഷിന്റെ കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണിത്. ഇതോടെ ഇന്ത്യന്‍ അത്ലറ്റിക്സിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച 100 മീറ്റര്‍ സമയം എന്ന നേട്ടവും ഒഡിഷ സ്വദേശിയായ താരം സ്വന്തമാക്കി. നിലവിലെ ദേശീയ റെക്കോര്‍ഡുകാരനായ ഗുരീന്ദര്‍വീര്‍ സിങ്ങിന്റെ 10.09 സെക്കന്‍ഡ് എന്ന സമയമാണ് ഇനി അനിമേഷിന് മുന്നിലുള്ളത്. ഫൈനലിന് മുമ്പ് നടന്ന ഹീറ്റ്സില്‍ 10.19 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനത്തെത്തിയ താരം മികച്ച ഫോമിന്റെ സൂചന നേരത്തെ തന്നെ നല്‍കിയിരുന്നു. ഫൈനലില്‍ സ്വന്തം റെക്കോര്‍ഡ് മെച്ചപ്പെടുത്തിയ അനിമേഷ്, നേരത്തെയുണ്ടായിരുന്ന 10.15 സെക്കന്‍ഡ് എന്ന വ്യക്തിഗത മികച്ച സമയത്തെയാണ് തിരുത്തിയെഴുതിയത്.
200 മീറ്റര്‍ ദേശീയ റെക്കോര്‍ഡുകാരനായ അനിമേഷ്, ഇപ്പോള്‍ 100 മീറ്ററിലും ഇന്ത്യയിലെ ഏറ്റവും മികച്ച സ്പ്രിന്റര്‍മാരില്‍ ഒരാളായി തന്റെ സ്ഥാനം ഉറപ്പിച്ചു. ഇന്ത്യന്‍ അത്ലറ്റിക്സ് ചരിത്രത്തിലെ മികച്ച അഞ്ച് 100 മീറ്റര്‍ സമയങ്ങളില്‍ മൂന്നെണ്ണവും അനിമേഷിന്റെ പേരിലാണ് എന്നത് അദ്ദേഹത്തിന്റെ സ്ഥിരതയുടെ തെളിവാണ്. 2025-ല്‍ 200 മീറ്ററില്‍ 20.32 സെക്കന്‍ഡില്‍ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച് ശ്രദ്ധ നേടിയ താരം, ദേശീയ റെക്കോര്‍ഡ് തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ ഫോം തുടരാനായാല്‍ വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷയായി അനിമേഷ് മാറുമെന്നാണ് കായികലോകത്തിന്റെ വിലയിരുത്തല്‍.

