ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെയ്‌ഷെൽസ് സർക്കാർ സമ്മാനിച്ച പരമോന്നത പരിസ്ഥിതി ബഹുമതിയെ വിമർശിച്ച പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് ഇന്ത്യയുടെ ശക്തമായ മറുപടി. വിഷയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ അസംബന്ധ പരാമർശങ്ങൾ നടത്തുകയാണ് ഖ്വാജ ആസിഫ് ചെയ്യുന്നതെന്നും, അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
മോദിക്ക് ലഭിച്ച ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ പുരസ്‌കാരത്തെ ‘കൃത്രിമമായി സൃഷ്ടിച്ച ബഹുമതി’യെന്നാണ് ഖ്വാജ ആസിഫ് വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി രംഗത്തെത്തിയത്. കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവില്ലായ്മയാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്നും, പാകിസ്താന്റെ നിലവിലെ ശോചനീയാവസ്ഥ തന്നെയാണ് ഇത്തരമൊരു വ്യക്തി പ്രതിരോധമന്ത്രിയായിരിക്കുന്നതിലൂടെ വ്യക്തമാകുന്നതെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരനാണെന്നത് പരസ്യമായ രഹസ്യമാണെന്നും, വിവരമില്ലാത്ത വിഷയങ്ങളിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സമയം കളയുന്നത് പാകിസ്താന്റെ നേതൃത്വത്തിന്റെ നിലവാരമാണ് കാണിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷണം, ഹരിതവികസനം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ആഗോളതലത്തിൽ നൽകിയ നേതൃത്വത്തിനുള്ള അംഗീകാരമായാണ് സെയ്‌ഷെൽസ് സർക്കാർ ഈ പരമോന്നത ബഹുമതി സമ്മാനിച്ചത്. ഇതേ പുരസ്‌കാരത്തെ പരിഹസിച്ചുള്ള പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ നയതന്ത്ര വാക്‌പോരിന് വഴിവെച്ചിരിക്കുകയാണ്.

