തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയും ശക്തമായ കാറ്റും തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകി. നിലവിലെ കാലാവസ്ഥാ സാഹചര്യമനുസരിച്ച് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടും, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽപ്രളയം എന്നിവയ്‌ക്കുള്ള സാധ്യത മുൻനിർത്തി അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ പകൽസമയത്ത് തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാൻ തയ്യാറാകണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവരും സാഹചര്യം വിലയിരുത്തി ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മേൽക്കൂര ബലഹീനമായ വീടുകളിലും അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളിലുമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. അപകടഭീഷണിയുള്ള മരങ്ങൾ, വൈദ്യുതിത്തൂണുകൾ, പരസ്യബോർഡുകൾ, മതിലുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കേണ്ടതാണ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും, വെള്ളച്ചാട്ടങ്ങൾ, ഡാമുകൾ, നദികൾ, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൂർണ്ണമായും ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അഭ്യർഥിച്ചു.
കേരള തീരത്ത് കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമായ ഘട്ടങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും നിർദേശമുണ്ട്. ശക്തമായ കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടുകളിലൂടെ ഇറങ്ങുന്നതിന് മുമ്പ് വൈദ്യുതി അപകടസാധ്യതയില്ലെന്ന് ഉറപ്പാക്കണം. വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട അടിയന്തര സഹായത്തിന് 1912 എന്ന നമ്പറിൽ കെഎസ്ഇബിയുമായി ബന്ധപ്പെടാം. അപകടസാധ്യത നേരിടുന്ന സാഹചര്യങ്ങളിൽ 1070, 1077 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ പ്രവർത്തിക്കുന്ന ജില്ലാ, താലൂക്ക് ദുരന്തനിവാരണ കൺട്രോൾ റൂമുകളുമായി അടിയന്തരമായി ബന്ധപ്പെടാവുന്നതാണ്.

