മലപ്പുറം: 23 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന് ചേലാകർമ്മത്തിനിടെ ഗുരുതര ചികിത്സാപ്പിഴവ് സംഭവിച്ച കേസിൽ, പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിക്കും ചികിത്സ നടത്തിയ ഡോക്ടർക്കും എതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. കെ. മോഹൻദാസ് അധ്യക്ഷനായ കമ്മീഷനാണ് വിധി പ്രസ്താവിച്ചത്. ആശുപത്രിയിലെ ശുചിത്വക്കുറവും ശസ്ത്രക്രിയാ ഉപകരണങ്ങളുടെ അശാസ്ത്രീയമായ ഉപയോഗവും ഡോക്ടറുടെ പരിചയക്കുറവും കുഞ്ഞിന് ഗുരുതരമായ അണുബാധയുണ്ടാകാൻ കാരണമായതായി കമ്മീഷൻ വിലയിരുത്തി.
2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചേലാകർമ്മത്തിന് പിന്നാലെ കുഞ്ഞിന് കടുത്ത അണുബാധയും പഴുപ്പും ഉണ്ടാവുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ആദ്യം തൃശൂരിലെ അമല ആശുപത്രിയിലും പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയ ശേഷമാണ് കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തത്. ഭാവിയിൽ കൂടുതൽ ശസ്ത്രക്രിയകളും തുടർചികിത്സയും ആവശ്യമായി വരുമെന്ന് വിദഗ്ധർ അന്നുതന്നെ നിർദേശിച്ചിരുന്നു. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും ആരോഗ്യ വിജിലൻസും നടത്തിയ അന്വേഷണത്തിൽ, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലായിരുന്നെന്നും ഡോക്ടറുടെ പരിചയക്കുറവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും കണ്ടെത്തിയിരുന്നു.
കുട്ടിക്ക് സംഭവിച്ച ശാരീരികവും മാനസികവുമായ ദുരിതത്തിന് 25 ലക്ഷം രൂപയും, ഭാവിയിലെ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കുമായി 25 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 50 ലക്ഷം രൂപ നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. ഇതിനുപുറമെ 25,000 രൂപ കോടതി ചെലവായും നൽകണം. നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് കുട്ടിയുടെ കുടുംബത്തിന് താൽക്കാലിക ആശ്വാസമായി രണ്ട് ലക്ഷം രൂപ നൽകാൻ സർക്കാരിന് നിർദേശം നൽകിയിരുന്നു. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക നൽകണമെന്നും, വീഴ്ച വരുത്തിയാൽ കേസ് ഫയൽ ചെയ്ത തീയതി മുതൽ ഒൻപത് ശതമാനം പലിശ സഹിതം തുക നൽകേണ്ടിവരുമെന്നും കമ്മീഷൻ വ്യക്തമാക്കി.

