ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ദേശീയ തലസ്ഥാനത്ത് സുരക്ഷ കർശനമാക്കി ഡൽഹി പൊലീസ്. നിയമവും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച ‘ചലോ സൻസദ്’ മാർച്ചിന് അനുമതി നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂഡൽഹി ജില്ലയിലുടനീളം ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൻപ്രകാരം, മുൻകൂർ അനുമതിയില്ലാതെ അഞ്ചോ അതിലധികമോ പേർ ഒത്തുകൂടുന്നതും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുന്നതും പൂർണ്ണമായും നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സൻഹിത സെക്ഷൻ 223 പ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സച്ചിൻ ശർമ്മ അറിയിച്ചു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിയിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയ സംഭവവും പ്രതിഷേധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പാർലമെന്റ് മന്ദിരം, ജന്തർ മന്തർ, സെൻട്രൽ ഡൽഹി എന്നിവിടങ്ങളിൽ ഡൽഹി പൊലീസും അർധസൈനിക വിഭാഗങ്ങളും ഉൾപ്പെടുന്ന മൂന്നടുക്ക് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലേക്കുള്ള പ്രധാന അതിർത്തി പ്രവേശന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

