തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെ 13 പ്രവർത്തകർക്ക് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം നിഷേധിച്ചു. ചോദ്യംചെയ്യലും പ്രാഥമിക തെളിവെടുപ്പും പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവം അതീവ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയാണ് കോടതി നടപടി.
മെയ് 27-ന് വീണയുടെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. റെയ്ഡിന്റെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുകയും അന്വേഷണ സംഘത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥർക്കുനേരെ കൊലവിളിയുമായി പ്രതികൾ പാഞ്ഞടുത്തതായി പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നേരിട്ട് പരിശോധിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചശേഷമേ കേസിൽ കൂടുതൽ പേരുടെ പങ്ക് സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ പ്രതികളെ ജാമ്യത്തിൽ വിടുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

