വാഷിംഗ്ടൺ: ജനറിക് മരുന്നുകളുടെ ഇറക്കുമതി തീരുവ ഘട്ടങ്ങളിലായി 200 ശതമാനം വരെ ഉയർത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ നയപരമായ നീക്കം ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയുണ്ടാക്കിയിരിക്കുകയാണ്. വിപണിയിൽ ആശങ്ക വർധിപ്പിച്ചതോടെ ഫാർമ മേഖലയിൽ വൻതോതിലുള്ള വിൽപ്പന സമ്മർദ്ദം പ്രകടമായി.
പ്രഖ്യാപനമനുസരിച്ച്, 2026 ഓഗസ്റ്റ് 1 മുതൽ ആദ്യ രണ്ട് വർഷത്തേക്ക് ജനറിക് മരുന്നുകൾക്ക് നിലവിലെ പൂജ്യം താരിഫ് നിരക്ക് തുടരും. തുടർന്ന് ഒരു വർഷത്തേക്ക് 100 ശതമാനവും, അതിനുശേഷമുള്ള വർഷം മുതൽ ഇത് 200 ശതമാനമായും വർദ്ധിപ്പിക്കാനാണ് തീരുമാനം. അമേരിക്കയിൽ ജനറിക് മരുന്നുകളുടെ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും അതുവഴി പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഭരണകൂടം വ്യക്തമാക്കുന്നു.
ട്രംപിന്റെ ഈ പ്രഖ്യാപനം ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. തുടർച്ചയായ വ്യാപാരത്തിൽ നിഫ്റ്റി ഫാർമ സൂചിക 1.6 ശതമാനത്തിലധികം ഇടിഞ്ഞു. യുഎസ് വിപണിയുമായി ശക്തമായ വാണിജ്യബന്ധമുള്ള സിപ്ല, ലുപിൻ, സൺ ഫാർമ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, അരബിന്ദോ ഫാർമ, സൈഡസ് ലൈഫ് സയൻസസ്, ആൽക്കെം ലബോറട്ടറീസ്, ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് എന്നീ കമ്പനികളുടെ ഓഹരികൾ രണ്ട് ശതമാനം വരെ താഴ്ന്നു. യുഎസിലേക്കുള്ള ഇന്ത്യൻ മരുന്ന് കയറ്റുമതി ഇതിനകം തന്നെ സമ്മർദ്ദത്തിലായിരിക്കെയാണ് പുതിയ തീരുമാനം വരുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം ഔഷധ കയറ്റുമതി 31.12 ബില്യൺ ഡോളറായി ഉയർന്നെങ്കിലും, യുഎസിലേക്കുള്ള കയറ്റുമതി 10 ശതമാനം കുറഞ്ഞ് 9.47 ബില്യൺ ഡോളറിലേക്ക് ചുരുങ്ങിയിരുന്നു. വരും വർഷങ്ങളിൽ നിലവിൽ വരുന്ന തീരുവ വർദ്ധനവ് ഈ മേഖലയ്ക്ക് വലിയൊരു ഇരട്ട പ്രഹരമായി മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
രണ്ട് വർഷത്തെ സാവകാശത്തിനുള്ളിൽ യുഎസിൽ പുതിയ നിർമ്മാണ പ്ലാന്റുകളും വിപുലമായ ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കുക പ്രയാസകരമാണെന്ന് വ്യവസായ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. നിശ്ചിത കാലാവധി അവസാനിക്കുന്നതിന് മുൻപ് ഇന്ത്യൻ കമ്പനികൾക്ക് യുഎസിൽ ആഭ്യന്തര ശേഷി വികസിപ്പിക്കുകയോ, വർദ്ധിച്ച തീരുവ നേരിടുകയോ, അല്ലെങ്കിൽ ഉൽപ്പാദനച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ അത് ഉപഭോക്താക്കൾക്ക് മേൽ അടിച്ചേൽപ്പിക്കുകയോ ചെയ്യേണ്ടി വരും. ഈ നയത്തിന്റെ യഥാർത്ഥ ആഘാതം വരുംകാലങ്ങളിലെ വിപണി മാറ്റങ്ങളെയും നയതന്ത്ര ചർച്ചകളെയും ആശ്രയിച്ചായിരിക്കും ഇരിക്കുക.

