ഇന്ത്യ: ഇന്ത്യൻ ബാങ്കിങ് മേഖല പുതിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ബാങ്കുകളിൽ വായ്പ വിതരണം ഗണ്യമായി വർധിക്കുമ്പോഴും അതിനനുസരിച്ചുള്ള നിക്ഷേപങ്ങൾ എത്തുന്നില്ല എന്നതാണ് നിലവിലെ പ്രധാന വെല്ലുവിളി. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വായ്പയും നിക്ഷേപവും തമ്മിലുള്ള വിടവ് വർധിച്ചത് ബാങ്കിങ് മേഖലയെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മിക്ക ബാങ്കുകളും വായ്പ വിതരണത്തിൽ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. വായ്പ വിതരണത്തിൽ സെൻട്രൽ ബാങ്ക് 28.8 ശതമാനം വളർച്ചയുമായി മുന്നിലുണ്ട്. തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്, കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്ക്, ജെ&കെ ബാങ്ക് എന്നിവയും വായ്പ വിതരണത്തിൽ സജീവമാണ്. പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ഇന്ത്യ 18.6 ശതമാനവും കാനറ ബാങ്ക് 18 ശതമാനവും വായ്പകളിൽ വളർച്ച നേടി. എന്നാൽ, നിക്ഷേപങ്ങളുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. മാർച്ചിലെ പാദത്തെ അപേക്ഷിച്ച് ആർ.ബി.എൽ ബാങ്കിന്റെ നിക്ഷേപത്തിൽ പത്ത് ശതമാനത്തിലധികം ഇടിവുണ്ടായി. ഐഡിബിഐ ബാങ്കിൽ 6.3 ശതമാനവും ബാങ്ക് ഓഫ് ബറോഡയിൽ 0.9 ശതമാനവും നിക്ഷേപം കുറഞ്ഞത് ആശങ്ക വർധിപ്പിക്കുന്നു.
സാധാരണയായി സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വായ്പകൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകാറില്ലെങ്കിലും, പശ്ചിമേഷ്യൻ പ്രതിസന്ധിയാണ് ഇത്തവണ കാര്യങ്ങൾ മാറ്റിമറിച്ചത്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ മൂലം കമ്പനികളുടെ പ്രവർത്തനച്ചെലവ് വർധിച്ചത് വായ്പകളുടെ ആവശ്യകത കൂട്ടി. കൂടാതെ, ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചപ്പോൾ ബാങ്കുകളെ ആശ്രയിക്കാൻ എണ്ണക്കമ്പനികൾ നിർബന്ധിതരായതും വായ്പ വിതരണത്തിൽ പ്രതിഫലിച്ചു. ഇതോടെ ബാങ്കിങ് രംഗത്തെ ലോൺ-ടു-ഡിപ്പോസിറ്റ് റേഷ്യോ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 82.7 ശതമാനത്തിലേക്ക് ഉയർന്നു. നിക്ഷേപവും വായ്പയും തമ്മിലുള്ള 5.4 ശതമാനത്തിന്റെ ഈ വിടവ് ബാങ്കുകളുടെ പ്രവർത്തനക്ഷമതയെയും സാമ്പത്തിക സുസ്ഥിരതയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ.

