ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ രാജ്യവിരുദ്ധ അജണ്ടകൾ പ്രവർത്തിക്കുന്നതായി സൂചന. നിരോധിത ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് സമരക്കാർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സംഘടനയുടെ നേതാവായ ഗുർപത്‌വന്ത് സിങ് പന്നു സോഷ്യൽ മീഡിയയിലൂടെ 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സമരക്കാർ കേന്ദ്ര സർക്കാരുമായി യാതൊരുവിധ ചർച്ചയ്ക്കും തയ്യാറാകരുതെന്നാണ് ഭീകര നേതാവിന്റെ ആഹ്വാനം. ഈ പ്രതിഷേധം ഓഗസ്റ്റ് 15 വരെ തുടരണമെന്നും, സ്വാതന്ത്ര്യദിനാഘോഷങ്ങൾ ബഹിഷ്‌കരിക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നു. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ തകർക്കുന്നതിനായി വിദേശത്തുനിന്നും വൻതോതിൽ പണമൊഴുക്ക് നടക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണിത്. പഞ്ചാബിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുക എന്ന ഖാലിസ്ഥാൻ അജണ്ടയാണ് നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് മുന്നോട്ടുവെക്കുന്നത്. ഗുർപത്‌വന്ത് സിങ് പന്നുവിനെതിരെ ഇന്ത്യയിൽ വിവിധ കേസുകൾ നിലവിലുണ്ട്.
ഇന്ത്യയുടെ അഖണ്ഡത തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മറ്റ് സംഘടനകളുടെ പങ്കാളിത്തവും സുരക്ഷാ ഏജൻസികൾ സംശയിക്കുന്നുണ്ട്. ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ജമാഅത്തെ ഇസ്ലാമി ഈ സമരത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഡൽഹിയിലെ സമരത്തിന് ചില മതമേലാളന്മാരുടെ പിന്തുണ ലഭിക്കുന്നതിലും ദുരൂഹതയുണ്ട്. സോനം വാങ്‌ചുക്കിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളെ മുൻനിർത്തി മതപരമായ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും ഏജൻസികൾ വിലയിരുത്തുന്നു. വിഷയത്തിൽ ദേശീയ സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കുകയും, പ്രക്ഷോഭങ്ങൾക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

