വെള്ളരിക്കുണ്ട്: റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ ചരക്കുകപ്പലില്‍ ജീവന്‍ നഷ്ടമായ കാസര്‍കോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗര്‍ സ്വദേശി അഖില്‍ ജോയന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തുന്നു. വിവാഹസ്വപ്‌നങ്ങളുമായും പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളുമായും ഒരു മാസം മുമ്പ് ജോലിയിലേക്ക് മടങ്ങിയ ഇരുപത്തിയാറുകാരനായ അഖിലിന്റെ അപ്രതീക്ഷിത മരണം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും താങ്ങാവുന്നതിലും അപ്പുറമാണ്. ഭക്ഷ്യധാന്യങ്ങളുമായി യാത്രതിരിക്കാന്‍ തയ്യാറെടുക്കുകയായിരുന്ന ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ അഖില്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് പത്തൊമ്പതാം വയസ്സില്‍ അഖില്‍ മര്‍ച്ചന്റ് നേവിയില്‍ ചേരുന്നത്. കഠിനാധ്വാനത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്കായി പുതിയ വീട് നിര്‍മ്മിച്ച് ഗൃഹപ്രവേശം നടത്തിയ അഖിലിന്റെ അടുത്ത ലക്ഷ്യം സ്വന്തം വിവാഹമായിരുന്നു. അടുത്ത അവധിക്കെത്തുമ്പോള്‍ വിവാഹം നടത്താമെന്ന ഉറപ്പില്‍ വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങിയ അഖിലിന്റെ മടക്കയാത്രയ്ക്കായി കാത്തിരുന്ന വീട്ടുകാര്‍ക്ക് ലഭിച്ചത് മകന്റെ വിയോഗവാര്‍ത്തയാണ്. അച്ഛന്‍ ജോയനും അമ്മ സാലിയും അഖിലിന്റെ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല.
കളിക്കളത്തിലും ജീവിതത്തിലും ഒരേപോലെ പോരാളിയായിരുന്നു അഖില്‍. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്‌കൂളിലെ പഠനകാലത്ത് വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച അഖില്‍, റോപ്പ് പുള്‍-അപ്പിലും വടംവലിയിലും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. റോപ്പ് പുള്‍-അപ്പില്‍ ലോക റെക്കോര്‍ഡ് നിലവാരത്തിലുള്ള പ്രകടനം കാഴ്ചവെച്ച അഖില്‍, നാട്ടിലെ യുവാക്കള്‍ക്ക് എന്നും അഭിമാനമായിരുന്നു. അഖിലിന്റെ വേര്‍പാടില്‍ നാടും ബന്ധുക്കളും വലിയ ദുഃഖത്തിലാണ്. അപകടത്തില്‍ എട്ട് പേര്‍ രക്ഷപ്പെട്ടെങ്കിലും അഖിലിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെന്ന യാഥാര്‍ത്ഥ്യം കുടുംബത്തെ തളര്‍ത്തുകയാണ്.

