കൊച്ചി: ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിൽ ഐടി മേഖലയിലുണ്ടായ ഇടിവ് വിപണിയുടെ വലിയ കുതിപ്പിന് തടസ്സമായെങ്കിലും, എണ്ണ-വാതകം, ബാങ്കിംഗ് തുടങ്ങിയ പ്രധാന മേഖലകളിലെ മുന്നേറ്റം സൂചികകളെ പോസിറ്റീവ് സോണിൽ നിലനിർത്താൻ സഹായിക്കുന്നുണ്ട്. മുൻനിര ഓഹരികൾക്ക് പുറമെ മിഡ്-ക്യാപ്, സ്മോൾ-ക്യാപ് സൂചികകളും ഗ്രീൻ സോണിൽ തുടരുന്നത് വിപണിയിൽ നിക്ഷേപകർക്കിടയിലുള്ള താല്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. എണ്ണ-വാതകം, പൊതുമേഖലാ ബാങ്കുകൾ, കൺസ്യൂമർ ഡ്യൂറബിൾസ്, ഫിനാൻഷ്യൽസ്, സിമന്റ് ഓഹരികൾ എന്നിവ മികച്ച പ്രകടനവുമായി മുന്നേറുന്നുണ്ട്. ബാങ്കിംഗ്, എനർജി കൗണ്ടറുകളിൽ തുടരുന്ന ബയിംഗ് താല്പര്യം പൊതുവിപണിക്ക് ശക്തമായ അടിത്തറ നൽകുന്നു.
അമേരിക്കൻ ഐടി കമ്പനിയായ ഐബിഎം (IBM) വരുമാന വളർച്ചാ ലക്ഷ്യത്തിൽ വരുത്തിയ കുറവിനെത്തുടർന്ന് ഓഹരിവിലയിലുണ്ടായ 25 ശതമാനത്തോളം ഇടിവ് ഇന്ത്യൻ ഐടി ഓഹരികളെ പ്രതികൂലമായി ബാധിച്ചു. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ മുൻനിര ഐടി ഓഹരികൾ വിൽപന സമ്മർദ്ദത്തിലാണ്. കൂടാതെ മെറ്റൽസ്, എഫ്എംസിജി, റിയൽറ്റി മേഖലകളിലെ ഓഹരികളും ഇന്ന് ഇടിവ് രേഖപ്പെടുത്തി.
അതേസമയം, എൽ ആൻഡ് ടി ടെക്നോളജി സർവീസസ് (എൽടിടിഎസ്) ഓഹരികൾ വിപണിയിൽ തകർപ്പൻ മുന്നേറ്റം നടത്തി. പ്രതീക്ഷിച്ചതിലും മികച്ച പാദവാർഷിക പ്രവർത്തനഫലം പുറത്തുവിട്ടതാണ് കമ്പനിക്ക് കരുത്തായത്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ നോമുറ ഈ ഓഹരിക്ക് തങ്ങളുടെ ‘ന്യൂട്രൽ’ റേറ്റിംഗ് നിലനിർത്തിയെങ്കിലും, ടാർഗെറ്റ് പ്രൈസ് നേരിയ തോതിൽ ഉയർത്തിയത് നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ശക്തമായ മാർജിൻ വികാസവും ബിസിനസിലെ ആരോഗ്യകരമായ വളർച്ചയും കാരണം ഇൻട്രാ-ഡേ വ്യാപാരത്തിൽ എൽടിടിഎസ് ഓഹരികൾ 9 ശതമാനത്തിലധികം ഉയർച്ചയാണ് രേഖപ്പെടുത്തിയത്.

