സൂറിച്ച്: 2030 ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആയി ഉയര്‍ത്താന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര ഫുട്ബോള്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍. ആഫ്രിക്കന്‍ ഫുട്ബോള്‍ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനായി, ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (സി.എ.എഫ്) ചട്ടങ്ങളില്‍ ഭേദഗതി വരുത്തി നിലവിലെ പ്രസിഡന്റിന് അധിക കാലാവധി ലഭിക്കാന്‍ വഴിയൊരുക്കുന്നതുൾപ്പെടെയുള്ള വിട്ടുവീഴ്ചകള്‍ക്ക് ഇന്‍ഫാന്റിനോ തയ്യാറായേക്കുമെന്നും ആരോപണമുണ്ട്.
സ്വിസ് ബ്രോഡ്കാസ്റ്ററായ ബ്ലൂ സ്പോര്‍ട്ട്സിന് നല്കിയ അഭിമുഖത്തിലാണ് ഇന്‍ഫാന്റിനോ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. 2026 ലോകകപ്പിന് ശേഷം ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഫിഫയുടെ ബന്ധപ്പെട്ട സമിതികളില്‍ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ലോകകപ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കണമെന്നതാണ് ഈ ആശയത്തിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025 മാര്‍ച്ചില്‍ ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനായ കോണ്‍മെബോള്‍ ആണ് 64 ടീമുകളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ടുവെച്ചത്. ലോകകപ്പിന്റെ ശതാബ്ദി പതിപ്പ് എന്ന നിലയില്‍ ടൂര്‍ണമെന്റ് വിപുലമായി സംഘടിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ കോണ്‍മെബോള്‍ പ്രസിഡന്റ് അലഹാന്‍ഡ്രോ ഡൊമിംഗസുമായും അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ ഫുട്ബോള്‍ ഫെഡറേഷന് പ്രതിനിധികളുമായും ഇന്‍ഫാന്റിനോ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അതേസമയം, 64 ടീമുകളുമായി ലോകകപ്പ് നടത്തുന്നതിനെതിരെ ഫുട്ബോള്‍ ലോകത്ത് ശക്തമായ എതിര്‍പ്പും ഉയരുന്നുണ്ട്. കോണ്‍കകാഫ് പ്രസിഡന്റ് വിക്ടര്‍ മൊണ്ടാഗ്ലിയാനി ഈ നീക്കം ഫുട്ബോളിന്റെ സമഗ്ര താല്പര്യങ്ങള്ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി. യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് അലക്സാണ്ടര്‍ ചെഫെറിന്‍ ഈ നിര്‍ദേശത്തെ ‘മോശം ആശയം’ എന്നാണ് വിശേഷിപ്പിച്ചത്. 2026-ല്‍ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ചരിത്രത്തിലാദ്യമായി 48 ടീമുകളെ ഉള്‍പ്പെടുത്തിയാണ് നടക്കുന്നത്. ഈ ഫോര്‍മാറ്റ് പ്രകാരം ആകെ 104 മത്സരങ്ങളുണ്ടാകും. 64 ടീമുകളിലേക്ക് എണ്ണം ഉയരുകയാണെങ്കില്‍ മത്സരങ്ങളുടെ എണ്ണം 128 ആയി വര്‍ധിക്കുമെന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

