സംസ്ഥാനം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുത്തനെ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളും നിക്ഷേപകരുടെ ലാഭമെടുക്കലും വിപണിയെ ബാധിച്ചതോടെ ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് കുറഞ്ഞത്. ഈ മാറ്റത്തോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,315 രൂപയായും, പവൻ 1,06,520 രൂപയായും താഴ്ന്നു.
വെള്ളി വിലയിലും സമാനമായ ഇടിവ് ദൃശ്യമായിട്ടുണ്ട്. ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 240 രൂപ എന്ന നിരക്കിലാണ് വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഗണ്യമായ കുറവുണ്ടായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 10,945 രൂപയിലാണ് നിലവിൽ 18 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം തുടരുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. വിപണിയിൽ ലാഭമെടുക്കൽ ശക്തമായതിനെത്തുടർന്ന് ആഗോളതലത്തിൽ സ്വർണവില ഔൺസിന് 4166 ഡോളറിൽ നിന്ന് 4128 ഡോളറായി കുറഞ്ഞിരുന്നു. ഈ പ്രവണതയാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിലെ നിലവിലെ അസ്ഥിരത വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

