ന്യൂഡൽഹി: ടെലിഗ്രാം പ്ലാറ്റ്ഫോമിന് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. വ്യാജ പതിപ്പുകളുടെയും പൈറേറ്റഡ് ഉള്ളടക്കങ്ങളുടെയും കേന്ദ്രമായി ടെലിഗ്രാം മാറുന്നുവെന്ന വ്യാപകമായ ആക്ഷേപങ്ങൾക്കിടയിലാണ് കേന്ദ്ര വിവരവിനിമയ മന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ. പ്ലാറ്റ്ഫോമിലൂടെ പൈറേറ്റഡ് സിനിമകളും ഒടിടി ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്നതിനെതിരെയാണ് മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്. നിയമവിരുദ്ധമായ ഇത്തരം ഉള്ളടക്കങ്ങളുടെ വ്യാപനം തടയാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കിക്കൊണ്ട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രാലയം ടെലിഗ്രാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പകർപ്പവകാശ ലംഘനം വെറുമൊരു സിവിൽ കുറ്റമല്ലെന്നും, 1957-ലെ കോപ്പിറൈറ്റ് ആക്ട്, 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് എന്നിവ പ്രകാരം ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും മന്ത്രാലയം ടെലിഗ്രാമിനെ ഓർമ്മിപ്പിച്ചു. ഐടി നിയമ പ്രകാരം ഇത്തരം നിയമവിരുദ്ധ ചാനലുകളെ പ്ലാറ്റ്ഫോം സ്വയം കണ്ടെത്തി നീക്കം ചെയ്യേണ്ട ഉത്തരവാദിത്തമുണ്ടെന്നും സർക്കാർ വ്യക്തമാക്കി. പൈറസി തടയുന്നതിൽ പ്ലാറ്റ്ഫോമിന് മൊത്തത്തിലുള്ള ഉത്തരവാദിത്തം വേണമെന്ന നയപരമായ നിലപാടിലേക്കാണ് കേന്ദ്രം വിരൽ ചൂണ്ടുന്നത്.
നീറ്റ് പരീക്ഷാ വിവാദത്തിനിടെ ചോദ്യപേപ്പർ ചോർച്ച തടയാൻ കഴിഞ്ഞ ജൂൺ മാസത്തിൽ ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ പൈറസി വിഷയത്തിലും സർക്കാർ കർശന നടപടികളിലേക്ക് നീങ്ങുന്നത്. ടെലിഗ്രാമിന് പുറമെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ മെറ്റായ്ക്കെതിരെയും സർക്കാർ അടുത്തിടെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ കുട്ടികൾക്കെതിരായ ലൈംഗിക ഉള്ളടക്കങ്ങൾ പ്രചരിച്ച സംഭവത്തിൽ മെറ്റാ അധികൃതരെ നേരിട്ട് സമൺ ചെയ്യാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

