ന്യൂയോർക്ക്: 2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് കേവലം കായിക മാമാങ്കം എന്നതിലുപരി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യ ടൂർണമെന്റായി മാറാനൊരുങ്ങുകയാണ്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പിലൂടെ റെക്കോർഡ് വരുമാനമാണ് ഫിഫ ലക്ഷ്യമിടുന്നത്. 48 ടീമുകളും 104 മത്സരങ്ങളും ഉൾപ്പെടുന്ന ടൂർണമെന്റ്, ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പതിപ്പായിരിക്കും. കൂടുതൽ മത്സരങ്ങൾ, സ്പോൺസർഷിപ്പുകൾ, സംപ്രേഷണാവകാശ ഫീസ്, ഹോസ്പിറ്റാലിറ്റി പാക്കേജുകൾ എന്നിവ വഴി എക്കാലത്തെയും ഉയർന്ന സാമ്പത്തിക നേട്ടം ഫിഫ സ്വന്തമാക്കുമെന്നാണ് വിലയിരുത്തലുകൾ.
ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ തീരുമാനങ്ങളിലൊന്നാണ് എല്ലാ മത്സരങ്ങളിലും നിർബന്ധമാക്കിയ മൂന്ന് മിനിറ്റ് ഹൈഡ്രേഷൻ ബ്രേക്കുകൾ. കളിക്കാരുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് ഈ ഇടവേളകൾ നടപ്പിലാക്കുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും, ഇത് വൻ സാമ്പത്തിക ലാഭത്തിനുള്ള മാർഗ്ഗം കൂടിയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഈ ഇടവേളകൾ ബ്രോഡ്കാസ്റ്റർമാർക്ക് അധിക പരസ്യസമയം നൽകുന്നതിലൂടെ ഏകദേശം 4,764 കോടി രൂപയുടെ അധിക പരസ്യവരുമാനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടിക്കറ്റ് നിരക്കുകളിലും മുൻ ലോകകപ്പുകളെ അപേക്ഷിച്ച് വൻ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഫൈനൽ മത്സരത്തിനായുള്ള പ്രീമിയം ഹോസ്പിറ്റാലിറ്റി ടിക്കറ്റുകളുടെ വില 22 കോടി രൂപയിലധികം വരെ എത്തുന്നുണ്ട്. ഇതിനുപുറമെ, ആവശ്യകതയ്ക്കനുസരിച്ച് നിരക്കുകൾ മാറുന്ന ഡൈനാമിക് പ്രൈസിങ് സംവിധാനം കൂടി നടപ്പിലാക്കിയതോടെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. എന്നാൽ, ഇത്തരം വാണിജ്യവൽക്കരണരീതികളും ടിക്കറ്റ് വിലയിലെ വർദ്ധനവും ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. കളിയുടെ ഒഴുക്കിനെ ബാധിക്കുന്ന ഹൈഡ്രേഷൻ ബ്രേക്കുകൾ പരസ്യവരുമാനത്തിന് വേണ്ടിയുള്ള തന്ത്രമാണെന്ന വിമർശനങ്ങളും ശക്തമാണ്.

